വിശാലമായ അറബിക്കടലിനും അതിലേക്ക് ഒഴുകുന്ന നദികളുടെ ശൃംഖലയ്ക്കും ഇടയിലുള്ള ഒരു ലാൻഡ് മാർക്ക് ആണ് ആലപ്പുഴ. ആലപ്പുഴക്ക് ഒരു ശ്രേഷ്ഠമായ പൂർവ്വകാല ചരിത്രം ഉണ്ട്. 18-)ം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ദിവാൻ രാജകേശവദാസ് ആണ് ഇന്നത്തെ ആലപ്പുഴ പട്ടണം നിർമ്മിച്ചതെങ്കിലും, സംഘകാല ചരിത്ര കൃതികളിൽ തന്നെ ആലപ്പുഴയെക്കുറിച്ച് പരാമർശങ്ങളുണ്ട്. നോക്കെത്താദൂരത്ത് പച്ചപ്പരവതാനി വിരിച്ചതു പോലെയുള്ള നെൽ വയലുകളാൽ സമൃദ്ധമായ കേരളത്തിന്റെ നെല്ലറയായ കുട്ടനാടും, കുഞ്ഞരുവികളും, തോടുകളും, അവയുടെ ഇടക്കുള്ള തെങ്ങിൻ തോപ്പുകളുമെല്ലാം സംഘകാലത്തിന്റെ ആദ്യ പാദം മുതൽക്കുതന്നെ പ്രസിദ്ധമായിരുന്നു. പ്രാചീന കാലം മുതൽക്കുതന്നെ ഗ്രീസുമായും, റോമുമായും, ആലപ്പുഴക്ക് കച്ചവട ബന്ധമുണ്ടായിരുന്നതായി ചരിത്രത്താളുകൾ പറയുന്നു.ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദത്തിൽ  ഇന്ത്യാ മഹാസാമ്രാജ്യത്തിന്റെ വൈസ്രോയി ആയിരുന്ന കഴ്സൺ പ്രഭു, ആലപ്പുഴ സന്ദർശിച്ച വേളയിൽ , ആലപ്പുഴയുടെ സൌന്ദര്യത്തിൽ മതിമറന്ന് അത്യാഹ്ലാദത്തോടെ, ആശ്ചര്യത്തോടെ വിളിച്ച് പറഞ്ഞു , ഇവിടെ പ്രകൃതി തന്റെ അനുഗ്രഹം വാരിക്കോരി ചൊരിഞ്ഞിരിക്കുന്നു, ആലപ്പുഴ  കിഴക്കിന്റെ വെനീസ് . അന്ന് മുതൽ ലോകഭൂപടത്തിൽ ആലപ്പുഴ കിഴക്കിന്റെ വെനീസ്  എന്ന പേരിൽ അറിയപ്പെട്ടു വരുന്നു..
പഴയ കോട്ടയം, കൊല്ലം (ക്വയിലോൺ) ജില്ലകളെ വിഭജിച്ച് 1957 ഓഗസ്റ്റ് 17-നാണ് ആലപ്പുഴ ജില്ല രൂപീകൃതമായത്. 7.2.90-ലെ ജി.ഒ.(പി) നമ്പർ.133/90/ആർ.ഡി പ്രകാരം ആലപ്പുഴ ജില്ലയുടെ പേര് ആലപ്പുഴ എന്നാക്കി മാറ്റി. ഭൂമിശാസ്ത്രപരമായ സ്ഥാനവും ഭൗതികവും കണക്കിലെടുത്താണ് ആലപ്പുഴയുടെ പേര് ഉരുത്തിരിഞ്ഞതെന്ന് അനുമാനിക്കപ്പെടുന്നു. "കടലിനും അതിലേക്ക് ഒഴുകുന്ന നദികളുടെ ശൃംഖലയ്ക്കും ഇടയിലുള്ള കര" എന്നാണ് ഈ സ്ഥലത്തിന്റെ സവിശേഷതകൾ.

29.10.1982 ലെ GO (MS) No.1026/82/(RD) പ്രകാരം, അന്നത്തെ ആലപ്പുഴ, കൊല്ലം, ഇടുക്കി ജില്ലകളിൽ നിന്ന് വിഭജിച്ച് പത്തനംതിട്ട ജില്ല പുതുതായി രൂപീകരിച്ചു. പഴയ ആലപ്പുഴ ജില്ലയിൽ നിന്ന് പത്തനംതിട്ട ജില്ലയിലേക്ക് മാറ്റിയ പ്രദേശം തിരുവല്ല താലൂക്ക് മൊത്തമായും ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളുടെ ഭാഗവുമാണ്. അങ്ങനെ ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി, ചെങ്ങന്നൂർ, മാവേലിക്കര എന്നിങ്ങനെ ആറ് താലൂക്കുകൾ ഉൾക്കൊള്ളുന്നതാണ് ഇപ്പോഴത്തെ ആലപ്പുഴ ജില്ല.

Last updated on Saturday 11th of June 2022 PM